Wednesday, October 10, 2012

ഒരു ഗ്രാമത്തിലെ ദളിതര്‍ നെയ്പ്പായസം ഉണ്ണുമ്പോള്‍ .........

"ഞങ്ങള്‍  ഉണ്ടാക്കുന്ന വിഭവങ്ങള്‍ എല്ലാം ഒരു സത്യാഗ്രഹത്തിന്റെ ഭാഗമാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ആരോഗ്യത്തിനു ഉത്തമമെന്നു കുറിച്ചിട്ടുള്ള നെയ്യ്  സവര്‍ണര്‍ ഞങ്ങളുടെ മുന്‍തലമുറക്ക് നിഷേധിച്ചതിന്റെ പ്രതികാരം എന്ന നിലക്കാണ് ഇവിടെ എല്ലാ വീടിലും ദിവസേന നെയ്പ്പായസം ഉണ്ടാക്കി കഴിക്കുന്നത്."

സമരങ്ങളുടെ അനവധി കഥകള്‍ കേട്ട് കഴിഞ്ഞ നിങ്ങള്‍ക്ക് ഇതിലെ ഒന്ന് കടന്നുവരാം. ഇത് ഒരു സമരസപ്പെടലിന്റെ കടംകഥ കൂടിയാണ്.ജയ്പൂരിനടുത്ത് ചക്വാര ഗ്രാമത്തില്‍ എന്നും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ്.... എന്നും നെയ്പ്പായസം കുഞ്ഞുകുട്ടി കുടുംബം എല്ലാം നെയ്പായസ മയം
.
1936 ല്‍  ഏതോ ഒരു കിറുക്കന്‍ സവര്‍ണനു തടയാന്‍ തോന്നിയതാണ്. അയാള്‍ അന്ന് കല്‍പ്പിച്ചു. ജാതിയില്‍ മാറ്റ് കുറഞ്ഞവര്‍ ഒന്നും ഇന്ന് മുതല്‍ നെയ് ഉപയോഗിക്കാന്‍ പാടില്ല. നന്നേ കുറച്ചുമാത്രം ആയുസുണ്ടായിരുന്ന ഒരു കല്പന. ദളിതര്‍ ഇതിനോട് പ്രതികരിച്ചത് ഒരു സമൂഹസദ്യ ഒരുക്കിക്കൊണ്ടായിരുന്നു. പറയേണ്ടതില്ലല്ലോ എല്ലാ വിഭവങ്ങളും നെയ്‌ മയം.

 ഒരു കശപിശ, ഉന്തും  തള്ളും  അത് പ്രതീക്ഷിച്ചതാണ്.  പക്ഷെ പഹയര്‍ വാരി തിന്നുന്നതില്‍ മണ്ണ് വാരി വിതരിയില്ലേ 
ഉടനെ തന്നെ പിന്തുടര്‍ച്ചയും ഉണ്ടായി.
കൂടുതല്‍ വിഭവങ്ങളായി
നെയ്പായസം ആയി
നെയ്‌ അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമായി  
 സമരമായി
സത്യാഗ്രഹമായി
 സാക്ഷാല്‍ അംബേദ്‌കര്‍ ഇത് ചില കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുണ്ട് .


ജയ്പൂരില്‍ നിന്നും 60 കി മി  മാത്രം ദൂരമുള്ള ഈ കൊച്ചു ഗ്രാമത്തില്‍ നെയ്പായസം ഒരു പിടി ഉപ്പ് പോലെ ...
എങ്കിലും ഇപ്പോഴും ജാതിയുടെ പേരില്‍ അത്ര നല്ലതൊന്നും അല്ല ഇവിടെ നടക്കുന്നത്
 2002ല്‍  അവസാനമായി നടന്ന ഒരു പിടിവലി തുടങ്ങിയത് ഒരു കിണറ്റിന്‍ കരയില്‍ വെച്ചായിരുന്നു. അത് പിന്നെ നവസമര മാര്‍ഗങ്ങളിലെക്ക് പടര്‍ന്നു .   പിന്നെ ഗ്രാമവാസികളെ ക്കാള്‍ പോലീസുകാര്‍ ആയിരുന്നു അവിടെ .


ശാസ്ത്രം കുതിക്കുകയാണ്. ഭാരത നിര്‍മാണ്‍  നടക്കുകയാണ്. തിതല പഞ്ചായത്തിലൊന്നില്‍  ഒരു ദളിത സ്ത്രീ തന്റെ അധികാര കസേരക്ക് താഴെ നിലത്തിരുന്നു പഞ്ചായത്ത് ഭരണം നയിച്ചതിന്റെ കഥയോടൊപ്പം കൂടിവായിക്കനാണ് ഇടക്കിടക്ക് ഇത്തരം കഥകള്‍ പിറവി എടുക്കുന്നത്. അത് മൂലക്ക് വെച്ചവര്‍ സദയം ഈ ഉള്ളവനോട്  പൊറുക്കുക.

ആണ്ടുകള്‍ എറെ  പിന്നിട്ടിട്ടും  എന്തെ ഈ നാടിനു ഇങ്ങനെ കിതക്കേണ്ടിവരുന്നത്......നെയ്പായസം ഒരു മറുപടി ആകുന്നില്ല എങ്കിലും.....

Monday, October 8, 2012

ജീവിതം കൊണ്ട് കഥകള്‍ നിര്‍മ്മിക്കാം....ഇങ്ങനെയും 

ഒരാഴ്ചയായി അയാള്‍ തയാറെടുപ്പിലായിരുന്നു . എങ്ങിനെ വേണം?.. എപ്പോള്‍ വേണം ?..ഇത് നടന്നുകഴിഞ്ഞാല്‍ തനിക്കല്ലാതെ മറ്റാര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ പാടില്ല.
സിംഹങ്ങള്‍ക്ക് വിശക്കുന്നത് എപ്പോള്‍ ?... വിശന്നാല്‍ അവ എങ്ങനെയൊക്കെ പെരുമാറും.?... എത്ര സമയം കൊണ്ട് എല്ലാം അവസാനിക്കും?... ഇങ്ങനെ കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയായിരുന്നു നന്ദകരന്‍  മൃഗശാലയിലെത്തിയ സൂര്യനാരായണ ദാസ് .

ഒടുവില്‍, കുറെ നിരീക്ഷണങ്ങള്‍ക്ക് ശേഷം കൃത്യമായ ബ്ലൂ പ്രിന്റ്‌ ഇതാ തയാറായിരിക്കുന്നു .

എങ്ങിനെ ഇനി തനിക്ക് അവളെ സഹിക്കാന്‍ സാധിക്കും?... ഭാര്യ ആണെന്നുകരുതി എല്ലാം പൊറുക്കു ന്നതിനു ഒരു അതിരില്ലേ ? എന്ത് ഉണ്ടായിട്ടെന്താണ്, സ്വൈര്യം.., അതില്ലല്ലോ ? മനസമാധാനത്തോടെ ഒരു പിടി വാരി തിന്നാന്‍ അവള്‍ തനിക്ക് ഇട തന്നിട്ടുണ്ടോ ?  പാ വിരിച്ച് മുറ്റത്ത് കിടക്കാമെന്ന് കരുതിയാല്‍ ചെവിക്ക് സ്വൈര്യം തരണ്ടെ പണ്ടാരം.ഉമ്മറപ്പടിയില്‍ കാലും നീട്ടിയിരുന്ന് ഉറക്കെ കുരക്കുകയല്ലേ?...

 ഒരു അവസാനം കുറിക്കാന്‍ കൂടിയാണ്  അയാള്‍ അവിടെ എത്തിയത് . ഉണ്ടായിരുന്ന ചിലര്‍ കൂടി വളവ് തിരിയുന്നതുവരെ അയാള്‍ അവിടെ തന്നെ നിന്നു  ....

ഇതിനെക്കാള്‍ നന്നായി പലര്‍ക്കും ഈ സംഭവം ഒരു കഥയാക്കി ഉപയോഗിക്കാം എന്ന് അറിയാം എന്നതുകൊണ്ട്‌ ഞാന്‍ തുടരുന്നില്ല....

പക്ഷെ സൂര്യനാരായണ ദാസ്  ജീവിതം കൊണ്ട് മെനഞ്ഞത് ഞെട്ടിപ്പിക്കുന്ന ഒരു കഥ തന്നെ
ഭാര്യാപീഠനം  സഹിക്കവയ്യാതെ അയാള്‍ സിംഹങ്ങള്‍ക്ക് സ്വയം ആഹാരം ആകാന്‍ തീരുമാനിച്ചു. അവക്കിടയിലെക്ക് ഒരൊറ്റ ചാട്ടം. സ്ഥലം ബുവനേസ്വരിനടുത്ത് ഒരു മൃഗശാലയില്‍ .  ആളും  തരവും  നോക്കിയതില്‍ പിഴച്ചു. പക്ഷെ സിംഹങ്ങള്‍ കടിച്ചു കീറിയത് മിച്ചം. പരിക്കുകളോടെ ആശാന്‍ ഇപ്പോള്‍ ആശുപത്രി കിടക്കയില്‍ പിച്ചും പേയും പറയുകയാണ്‌.

വീടെന്ന മൃഗശാല  അയാളെ ഇടക്കിടക്ക് ഭയപ്പെടുത്തുന്നത് കൊണ്ടാകുമോ അയാള്‍ ഈ പിച്ചും പേയും പറയുന്നത്. അങ്ങോട്ടേക്ക് തിരികെ പോയാലുള്ള തന്റെ ദുരവസ്ഥ പുതിയ കഥ മെനയുന്നതിന്റെ  ചില പൊട്ടലും ചീറ്റലും ആയിരിക്കും ചിലപ്പോള്‍ ആ  അപ ശബ്ദങ്ങള്‍  സ്ത്രീ പീഡനം മാത്രമേ ഉള്ളൂ എന്ന് ധരിച്ച് വട്ടമേശക്ക് ചുറ്റും ഇരുന്നു സ്ഥിരമായി സൊള്ളുന്ന  ചിലര്‍ക്കെങ്കിലും  സൂര്യനാരായണന്‍ ഒരു പാഠ പുസ്തകം തന്നെ


നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. ആ പാവത്തിന്റെ ബ്ലൂ പ്രിന്റ്‌ കുറേകൂടി മെച്ചപ്പെടുത്തേണ്ട ഒന്ന് ആയിരുന്നില്ലേ ?