Thursday, September 6, 2012

പള്ളിയിലെ കൂട്ട മണിയും ചില അധികാര ചിന്തകളും 

  വികാരിയോടോപ്പമുള്ള ആത്മീയ ബസ്‌ യാത്രയില്‍ ഇടക്കുവെച്ച് കപ്പിയാര്‍ ഇറങ്ങി നടന്നു.  സീറ്റില്‍ ഇരിക്കുകയായിരുന്ന ഫാദര്‍ മണി രണ്ട് അടിച്ച വണ്ടി വിട്ടത് അറിഞ്ഞില്ല. ഇറങ്ങേണ്ടിടത്ത് തന്നെയാണോ കപ്പിയാര്‍ ഇറങ്ങിയത് എന്ന് നോക്കാനോ എന്തിനിറങ്ങി എന്ന് അന്വേഷിക്കാനോ  സീറ്റിന്റെ സൗകര്യവും ബസിലെ തിരക്കും  ആ അച്ഛനെ അനുവദിച്ചില്ല. സീറ്റ്‌ അയാളെ മുന്നോട്ട് നോക്കാന്‍ മാത്രം നിര്‍ബന്ധിച്ചു.ഏറെ കഴിഞ്ഞാണ് മടങ്ങിവരാത്ത തിരുഞ്ഞുനടത്തമായിരുന്നു  കപ്പിയാരുടെതെന്നു  അച്ഛന്‍ തിരിച്ചറിഞ്ഞത്.
തനിക്ക് ഇനി കപ്പിയാര്‍ ഇല്ല...
ഈ മലമടക്കുകളില്‍ ഇനി താന്‍ ഒറ്റക്ക് ...

ഇങ്ങനെ ആരംഭിക്കുന്ന ഒരു കഥയില്‍ കപ്പിയാര്‍ ഇല്ലാതെ വിഷമിക്കുന്ന  വികാരിയുടെ ജീവിതം ഒരു നല്ല കഥാകൃത്തിനു ഏറെ വരച്ചിടാനാവും. ഈ അവസ്ഥയില്‍ മനം നൊന്ത് കുറെ നേരം കലഹിക്കുന്ന  വികാരിയുടെ അസ്തിത്വ ദുഃഖത്തില്‍ കഥ ഒരു പക്ഷെ ഏതാനും  ആത്മീയ പരിസരങ്ങള്‍ അന്വേഷിക്കുകയും ചെയ്തേക്കാം. പക്ഷെ കപ്പിയാര്‍  പള്ളിക്ക് അത്യാവശ്യമാണെന്ന്  ചിലരിലെങ്ങിലും ഒരു തോന്നല്‍ ആയി നിലനിറുത്തുവാന്‍  ആ കഥാകൃത്തിനു ഇതുവഴി സാധിക്കും.

ഉറപ്പല്ലേ

പക്ഷെ ഇവിടെയാണ്‌ കഥ ഒരു പുതിയ ദിശ കൈവരിക്കുന്നത്. വികാരി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ  സമീപിക്കുന്നു. ഒരു മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍  പശ്ചാത്തലം ഉള്ള വിരുതന്‍. അയാളോട്  തന്നെ കപ്പിയാരുടെ വേഷം കേട്ടിക്കരുത് പക്ഷെ പള്ളിമണി കൃത്യമായി വേണ്ട സമയത്ത് അടിക്കുന്ന ഒരു വിദ്യ ഉല്‍പാദിപ്പിക്കാന്‍ ആവശ്യപ്പെടുന്നു.
കപ്പിയാര്‍ ഇല്ലാതെ പള്ളിമണി പള്ളിയില്‍ വെച്ച്  മാത്രമല്ല വികാരിക്ക് ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും അടിക്കാവുന്ന ഒരു ഗുട്ടന്‍സ് അയാള്‍ പരുവപ്പെടുത്തുന്നു.

തുടര്‍ന്ന് 
തിരിഞ്ഞോടുന്ന കപ്പിയാര്‍മാരുടെ ഒരു കൂട്ടയോട്ടം ചിലര്‍ക്ക്  കാണാന്‍ സാധിച്ചേക്കാം
പക്ഷെ നിവര്‍ന്നു കാണുന്ന  പള്ളിയും ആയാസത്തോടെ ചിരിക്കുന്ന വികാരിയും ആ കൂട്ടയോട്ടത്തിന്റെ ചിത്രത്തില്‍ മൊണ്ടാഷ് ചെയ്യപ്പെട്ട് നില്‍ക്കുന്നത്  എല്ലാവരും കാണും. കാലം പോകെ പോകെ അത് തെളിഞ്ഞുവരും  പിന്നെ ചിത്രത്തില്‍ പള്ളിയും വികാരിയും മാത്രം ബാകിയാകും.  കപ്പിയാരുടെ വിഭക്തിയും വികാരിയുടെ ഭക്തിയും അനുഷ്ട്ടാന ചര്‍ച്ചകളിലേക്ക് കൂപ്പുകുത്തുന്ന ദേശാസന്ധിയില്‍ വെച്ച്  നിങ്ങള്‍ ആ പാനപാത്രം കാലിയാക്കുകയായിരിക്കും

ഇനി  pulsator  എന്ന സംവിധാനത്തെക്കുറിച്  ടോബി ആന്റണി ഇന്ത്യന്‍ എക്സ്പ്പ്രസില്‍ (pg 1/ 6 sept )
എഴുതിയ വാര്‍ത്ത വായിക്കൂ.
ശിവകാശി പടക്ക ദുരന്തത്തിന്റെ വാര്‍ത്താ തലക്കെട്ടിനു ചുവടെ ഈ വ്യാഴാഴ്ച്ച  അങ്ങനെയും ഒന്ന് അച്ചടിച്ച്‌
വന്നു.
ഇനി കഥയും കഥകേടും നിങ്ങള്‍ക്ക് വിടുന്നു.

അധികാരം സ്വയം മാറ്റിപ്പണിയുന്ന ഗുട്ടന്‍സിലേക്ക്  ഒന്ന് തിരിഞ്ഞു നടക്കൂ.
അവിടെ നിങ്ങള്‍ക്ക് കുറെ കപ്പിയാര്‍മാര്‍ കൂട്ടമണി കയ്യില്‍ പിടിച്ചു നില്‍ക്കുന്നത് കാണാം