Tuesday, July 31, 2012


.

ക്ഷാരഗുണമുള്ള വെളിപ്പടപ്പുകള്‍ നുള്ളിയെടുക്കുമ്പോള്‍ ...  
നന്നെന്നു പറയാനും അല്ലെങ്കില്‍  പോ പുല്ലേ എന്ന് ആട്ടിക്കളയാനും മടിക്കാത്തവരോട് അവഹേളനം സഹിക്കുന്നത് ബുദ്ധിമുട്ട് തന്നെ .വരമ്പത്ത് കൂലി കിട്ടുന്ന ബ്ലോഗ്‌ എഴുത്തിനു പലരും ഇപ്പോഴും ചുവന്ന ചൂടിപ്പായ വിരിച്ചിടാത്തത് അതൊക്കെ ഒരു നൂറു വട്ടം ആലോചിച്ചിട്ടാവാം.
എഴുത്തിലെ ജനാധിപത്യവല്കരണം അടയാളവാക്യമാക്കിയ  ഇടം  എന്ന നിലക്ക് ആഹ്ലാദിക്കുന്നതോടൊപ്പം കപ്പല്‍ കയറിവന്ന വിദേശ ചവറുകള്‍ അട്ടിവെച്ചിരിക്കുന്ന ഞായറാഴ്ചക്കടകളിലെ അലമാരയുടെ മണം  സ്വയം മൂക്കിലേക്ക് വലിച്ചു കയറ്റി അലര്‍ജി പിടിച്ചു തുമ്മുന്ന ദുര്‍ബലവും എന്നാല്‍ സുതാര്യവുമായ ഈ വാസസ്ഥലത്ത് ചാണകം മെഴുകി വൃത്തിയാക്കി ചിലര്‍ വിരിവെച്ചിരിക്കുന്നു എന്നതാണ് ബ്ലോഗ്‌ രചനകളുടെ സമാഹാരമായ 'പൂക്കളേക്കാള്‍ മണമുള്ള eലകള്‍ ' എന്ന ഈ പുസ്തകം.
 എഴുതി തുടങ്ങിയവര്‍ മുതല്‍ അറിയാതെ യെഴുതിപ്പോയവര്‍ വരെ ഇതില്‍ ഉണ്ടോ എന്ന് സംശയം ഒരു വായനക്കാരന് തോന്നിയാല്‍..!!ലൈക്കുകള്‍ കമന്റുകള്‍ അല്ലെങ്കില്‍  ദൂരെ നിന്നും ഒരു പുതിയ സുഹുര്‍ത്തിന്റെ കൂടിച്ചേരല്‍.ഇത് മാത്രം പ്രതീക്ഷിച്ചെഴുതിയ ഈ കഥകള്‍ ഒന്നിച്ചു അച്ചടിച്ച്‌ വന്നിരിക്കുന്നു.മലയാളത്തില്‍ അടുത്തിടെയായി ഇറങ്ങിയ മാള്‍  സിനിമകളിലെ പോലെ ഈ ബ്ലോഗ്‌ അച്ചടിയിലും ഇവര്‍ക്ക് തീര്‍ച്ചയായും പുതുമ അവകാശപ്പെടാം.
 വൈവിധ്യം,ഭൂമികകളിലെ ക്ഷാരഗുണം എന്നിവ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത ജീവിതാവസ്ഥകളിലെക്ക് നീണ്ടു കിടക്കുന്നത് ഈ രചനകളില്‍ നീട് നിവര്‍ന്നു കിടക്കുന്നു.പണ്ടെങ്ങോ എഴുതിയ ചില നന്മകളുടെ മേല്‍വിലാസത്തില്‍ ചിലര്‍ വേനല്‍ക്കുളത്തിലെ ചമ്മിക്കൊഴുപ്പ് അനുഭവിപ്പിക്കുന്ന 'ആഴ്ച്ചകഥ' കളില്‍ നിന്ന് മോചിപ്പിക്കപെട്ട ഒരു അനുഭവം ഇതിലെ ചില കഥകള്‍ എങ്കിലും വായനക്കാരന് നല്‍കുന്നുണ്ട് എന്ന് പറയാതെ വയ്യ.
മനോജ്‌ വെങ്ങോലയുടെ  'നോവല്‍ സാഹിത്യ 'ത്തില്‍ തുടങ്ങി ജയദേവന്റെ 'ധനസഹായം ബാറി'ല്‍ അവസാനിക്കുന്ന ഈ സമാഹാരത്തിലെ പിരാനയും ഖരമാലിന്യങ്ങളും ഹൈഡ്ര യും അനന്തരവും മേലോട്ട് പൊഴിയുന്ന ഇലകള്‍ തന്നെ.
ആധുനിക ജീവിതത്തിന്റെ ഉച്ച്വാസ നിശ്വാസങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഈ രചനകള്‍ ഒരു സമാഹാരമായി രൂപപെട്ട സാഹചര്യത്തിന്റെ അനിവാര്യത ഇതുപോലുള്ള ചില തുടര്‍ പ്രക്രിയകള്‍ക്ക് കറുത്ത് പകരും എന്ന് നമ്മള്‍ വായനക്കാര്‍ക്ക് പ്രത്യാശിക്കാം എന്ന് തോന്നുന്നു.   വി പി സുമെഷിനും insight publica ക്കും  ഇനിയും അതിനു കഴിയേണ്ടതാണ്.